
ഇന്നലെ നടന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പല നാടകീയ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി! അതിൽ ഒന്ന് വനം വകുപ്പ് മന്ത്രിയായ ആർ.വി.രഞ്ജിത്ത് കുമാർ സംസാരിക്കവെ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. പാർട്ടിയുടെ മുൻ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെ.യുടെ എം.എൽ.എ.മാർ വലിയതരത്തിലുള്ള പ്രതിഷേധമുയർത്തിയത്. 'കലൈഞ്ചർ കരുണാനിധി'യെന്ന് പരാമർശിക്കാതെ 'കരുണാനിധി' എന്ന് മാത്രം മന്ത്രി പരാമർശിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രി സി.ജോസഫ് വിജയ്, ഈ വിഷയത്തിൽ ഇടപെട്ട് മന്ത്രിയുടെ പരാമർശം അനുചിതമാണെന്നും ആ മന്ത്രിക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നതായും പറഞ്ഞു സഭയെ ശാന്തപ്പെടുത്തി! ആരോഗ്യ, റവന്യൂ വകുപ്പുകൾക്ക് ഗ്രാൻഡ് ആവശ്യപ്പെട്ടുള്ള ചർച്ചയ്ക്കിടെ ആയിരുന്നു പരാമർശം ഉണ്ടായത്. വോട്ടിന് പണം നൽകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി സംസാരിച്ചു തുടങ്ങിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ കാഞ്ചീപുരം മണ്ഡലത്തിൽ ഒരു വോട്ടിന് 1500 രൂപ വരെ വിതരണം ചെയ്തുവെന്ന് ആരോപിച്ച മന്ത്രി, തങ്ങളുടെ സർക്കാർ പണം നൽകാതെയാണ് വോട്ട് വാങ്ങിയതും, അധികാരത്തിൽ എത്തിയതെന്നും പറഞ്ഞത് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിക്കാൻ കാരണമായി!










